തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ്. യോഗത്തിൽ ചർച്ച നടത്തി ആർക്കാണ് പിന്തുണ നൽകുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും സാബു ജേക്കബ് പറഞ്ഞു. ഇടതുമുന്നണിയിലെ എം.എൽ.എ ശ്രീനിജൻ അഭിപ്രായപ്പെട്ടത് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഭയന്നോടുകയാണെന്നാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരെ ഇടതുമുന്നണി ഇടപെട്ട് തടയണം. തുടർ ഭരണത്തിന്റെ വിലയിരുത്തൽ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. നിലപാടുകളും സിൽവർ ലൈൻ ഉൾപ്പടെയുള്ള വികസന കാഴ്ച്ചപ്പാടുകളും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.