പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തി

പ്രതിദിന കൊവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്ഥാന സ‍ര്‍ക്കാര്‍ നിർത്തി. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കോവിഡ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല എന്ന് ഇന്ന് വൈകിട്ടോടെ ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ കൊവിഡ് കണക്കുകൾ ആരോഗ്യ വകുപ്പ് പുറത്തു വിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനങ്ങളിലാണ് ഒരുപാട് കാലം പ്രതിദിന കൊവിഡ് കണക്കുകൾ പുറത്തു വിട്ടിരുന്നത്. പിന്നീട് അത് വാര്‍ത്താക്കുറിപ്പിലൂടെയായി. 2020 മെയിൽ സംസ്ഥാനത്തെ കൊവിഡ് കേസുകൾ പൂജ്യമായതും പിന്നീടുള്ള മാസങ്ങളിൽ അത് ഉയര്‍ന്ന് മൂന്നാം തരംഗത്തിൽ അരലക്ഷം വരെയും എത്തി. എന്നാൽ മൂന്നാം തരംഗത്തിൽ കാര്യമായ മരണങ്ങളും ആശുപത്രി അഡ്മിഷനും ഇല്ലാതിരുന്നതും വാക്സീനേഷൻ രണ്ട് ഡോസ് പൂര്‍ത്തിയാക്കുകയും ചെയ്തതോടെ കൊവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറിയിട്ടുണ്ട്.