സോളാര്‍ക്കേസ്:ആഡംബര ഹോട്ടലില്‍ പീഡിപ്പിച്ചെന്ന് പരാതിക്കാരി; മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

യു.ഡി.എഫ് സര്‍ക്കാരിനെ വിവാദത്തിലാക്കിയ സോളാര്‍ കേസില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും അന്വേഷണവും ചോദ്യം ചെയ്യലും ഊര്‍ജ്ജിതമാവുന്നു.മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ സോളാര്‍ കേസില്‍ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തികൊണ്ട് കേസ് ശക്തിപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാനാണ് സോളാര്‍ കേസ് വീണ്ടും സജീവമാക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.

2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബരഹോട്ടലില്‍ വച്ച് തന്നെ എ.പി അനില്‍കുമാര്‍ പീഡിപ്പിച്ചെന്നാണ് പരാതി.മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി.പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പരാതിക്കാരി അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തിരുന്നു.
പരാതിക്കാരിയുടെ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോധ്യപ്പെടാനുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്