കോട്ടയം നട്ടാശ്ശേരിയിൽ പൊലീസ് സുരക്ഷയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു

കോട്ടയം നട്ടാശ്ശേരിയിൽ പൊലീസ് സുരക്ഷയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. പത്തിടത്താണ് കെ റെയിലിന്‍റെ അടയാള കല്ലിട്ടത്. പൊലീസ് സുരക്ഷയില്‍ കൂടുതല്‍ സ്ഥലത്ത് കല്ലിടനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. പ്രദേശത്ത് കൂടുതല്‍ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. കൂടാതെ, എറണാകുളം പിറവത്ത് കല്ലിടൽ നടന്നേക്കും എന്ന വിവരത്തെ തുടർന്ന് പ്രതിഷേധക്കാര്‍ പ്രദേശത്ത് സംഘടിച്ചിട്ടുണ്ട്. അതേസമയം, കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സിൽവർ ലൈൻ സർവ്വേയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കല്ലിടൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ കെ റെയിൽ വ്യക്തത വരുത്തിയിട്ടില്ല. ഇനി കല്ലിട്ടാൽ പ്രതിഷേധം കടുപ്പിക്കാനാണ് സമര സമിതികളും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലും സർവേ നടപടികൾ നിലച്ചിരിക്കുകയാണ്. കൂടുതൽ പൊലീസ് സംരക്ഷണം ഇല്ലാതെ കല്ലിടലുമായി മുന്നോട്ട് പോകാനാകില്ലെന്ന് സർവേ ഏജൻസികൾ കെ റെയിലിനെ അറിയിച്ചിട്ടുണ്ട്.