ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമെന്ന് യുക്രൈൻ പ്രസിഡന്റ്

ഡസൻ കണക്കിന് സാധാരണക്കാരെ കൊന്ന ഖാർകിവ് ബോംബാക്രമണം യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. സിവിലിയൻമാരെ ബോധപൂർവം ലക്ഷ്യമിട്ടതിന് ദൃക്‌സാക്ഷി വിവരണങ്ങളുണ്ടെന്ന് സെലെൻസ്‌കി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച റഷ്യൻ ക്ലസ്റ്റർ ബോംബുകൾ പാർപ്പിട കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

“ജെറ്റ് പീരങ്കികളിൽ നിന്ന് റഷ്യൻ സൈന്യം ഖാർകിവിന് നേരെ ക്രൂരമായി വെടിയുതിർത്തു,” രാത്രി വൈകി യുക്രൈനിയൻ ജനതയെ അഭിസംബോധന ചെയ്യുന്നതിനിടെ സെലെൻസ്‌കി പറഞ്ഞു. “ഇത് വ്യക്തമായും യുദ്ധക്കുറ്റമാണ്. ആളുകളെ കൊലപ്പെടുത്താൻ ബോധപൂർവം നടത്തിയ ആക്രമണമാണ് ഇത് എന്ന് ദൃക്സാക്ഷി രേഖകൾ തെളിയിക്കുന്നു. എവിടെയാണ് വെടിവെക്കുന്നതെന്ന് റഷ്യക്കാർക്ക് അറിയാമായിരുന്നു.” – സെലെൻസ്‌കി കൂട്ടിച്ചേർത്തു.