യുക്രൈൻ റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ലോകം തേടിയത് നരേന്ദ്ര മോദിയുടെ സഹായമെന്ന് ഹേമമാലിനി

യുക്രൈനെതിരെയുള്ള റഷ്യന്‍ സൈനിക അധിനിവേശം അവസാനിപ്പിക്കാന്‍ ലോകംം തേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായമെന്ന് ബിജെപി എം പി ഹേമമാലിനി. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയ്ക്കാണ് ബോളിവുഡ് നടിയും എംപിയുമായ ഹേമാമാലിനിയുടെ പരാമര്‍ശം. മോദിജിയുടെ പേര് ലോകശ്രദ്ധയിലെത്തി. രാജ്യത്തെ മോദിജി ഒരുപാട് ഉയരങ്ങളിലെത്തിച്ചെന്നും നമുക്കും ഇത് അഭിമാനം നല്‍കുന്ന വിഷയമാണെന്നും ഹേമ മാലിനി പറഞ്ഞു. ലോകം അദ്ദേഹത്തെ അത്രയധികം ബഹുമാനിക്കുന്നുണ്ട് അതിനാലാണ് റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലോകം മോദിജിയോട് സഹായം തേടിയതെന്ന് ഹേമ മാലിനി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏതാനു വര്‍ഷത്തിന് ഇടയില്‍ മോദിജി രാജ്യത്തിന് പുതിയ രൂപം നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടിരുന്നു.