നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്നും, സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് ഇപ്പോള്‍ തുടരന്വേഷണം. എന്നാല്‍, തുടരന്വേഷണതിന്റെ മറവില്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. കൂടാതെ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന നടിയും കോടതിയെ അറിയിച്ചിരുന്നു.