ബസ് ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു; കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്

കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞുവെക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.

ഇന്നലെ് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഒണിക്സ്, കണ്ണൂര്‍ -പയ്യന്നൂര്‍ -കോഴിക്കോട് റൂട്ടിലോടുന്ന ഹില്‍ പാലസ്, കണ്ണൂര്‍ -പയ്യന്നൂര്‍ ഇരിട്ടി- റൂട്ടിലോടുന്ന ഫാത്തിമാസ് എന്നീ മൂന്നു ബസ്സുകള്‍ വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ബസ് ജീവനക്കാര്‍ പരിയാരം പോലീസില്‍ പരാതി നല്‍കി. കേസെടുക്കുന്നതുവരെ സമരം തുടരുമെന്ന് ജീവനക്കാര്‍ പറഞ്ഞു.

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാരും വലഞ്ഞു. വിദ്യാര്‍ഥികളടക്കം ബസ് സ്റ്റോപ്പുകളില്‍ എത്തിയപ്പോഴാണ് പണിമുടക്കിന്റെ വിവരം അറിയുന്നത്. നിലവില്‍ കെഎസ്ആര്‍ടിസിയെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്.