തലശ്ശേരി ന്യൂമാഹി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിൽ ഏഴ് പേർ പൊലീസ് കസ്റ്റഡിയിൽ. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘർഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ പറഞ്ഞു. ന്യൂമാഹി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആകെ ആറ് സംഘങ്ങൾ നിലവിൽ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണെന്നും ഇളങ്കോ വ്യക്തമാക്കി.
നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധനിച്ചു വരികയാണ്. ഹരിദാസൻ്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. അതോടൊപ്പം അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ അറസ്റ്റിലാവുമെന്നും കമ്മീഷണർ അറിയിച്ചു. കൊല്ലപ്പെട്ട ഹരിദാസൻ്റെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഇരുപത്തിലധികം വെട്ടുകൾ ഹരിദാസൻ്റെ ശരീരത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.