മെട്രോ ചെറുതായി ലാലേട്ടനായി..കരണം അറിയാതെ അധികൃതർ…

കൊച്ചി മെട്രോയുടെ പത്തടിപ്പാലം ഭാ​ഗത്തെ പാളത്തിൽ ശ്രദ്ധയിൽ പെട്ട ചെരിവിന്റെ കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പാളം ഉറപ്പിച്ചിട്ടുള്ള ഭാ​ഗത്തിന്റെ ചെരിവാണെന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും അതല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. പത്തടിപ്പാലത്ത് മെട്രോ 347ാം നമ്പർ തൂണിന് ചുവട്ടിൽ മണ്ണ് മാറ്റി പരിശോധന നടത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള ഉപകരണം എത്താൻ കാത്തിരിക്കുകയാണ് ഇപ്പോൾ.

ട്രാക്കിലെ ചെരിവിന് കാരണം തൂണാണെങ്കിൽ മുട്ടൻ പണിയാണ് മെട്രോയ്ക്ക് വരാനിരിക്കുന്നതെന്നാണ് സൂചന.ആറ് മാസം ഈ ഭാ​ഗത്തേക്കുള്ള സർവീസ് നിർത്തേണ്ടി വരും. ചെറിയ ചെരിവ് പിന്നീട് ​ഗുരുതരമാവാൻ ഇടയുണ്ട് . തകരാറുള്ള ഭാ​ഗം പൂർണമായും അഴിച്ചു പണിഞ്ഞാലേ ഇത് ഒഴിവാക്കാനാകൂ.. ഈ ട്രാക്കിന് അപ്പുറവും ഇപ്പുറവുമായി സർവീസ് നടത്താമെങ്കിലും ആലുവ ഭാ​ഗത്ത് ഓടുന്ന ട്രെയിനുകൾ അറ്റകുറ്റ പണിക്കായി മുട്ടം യാഡിലേക്ക് കൊണ്ടു പോവാനാവില്ല. ഇതോടെ ട്രെയിനുകളുടെ പ്രതിദിന സുരക്ഷാ പരിശോധനയും ശുചീകരണവും അസാധ്യമാകും .

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കെഎംആർഎൽ വ്യക്തമാക്കിയിട്ടുണ്ട് . മുകൾ ഭാ​ഗത്തെ പരിശോധന കഴിഞ്ഞു. താഴ് ഭാ​ഗത്ത് ഉടനെ പരിശോധന നടത്തും. മെട്രോ സർവീസിനെ ഇത് ബാധിക്കില്ല. പരിശോധന പൂർത്തിയാവും വരെ പത്തടിപ്പാലം ഭാ​ഗത്ത് ട്രെയിനുകൾ വേ​ഗം കുറച്ചാണ് സഞ്ചരിക്കുന്നത്. കെഎംആർഎൽ വ്യക്തമാക്കി.