സോളർ കേസ്; വി.എസ്.അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ

സോളർ പാനൽ ഇടപാടിൽ തനിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയർത്തിയെന്നു കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തിക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതിയുടെ ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. അന്യായം നൽകിയ ദിവസം മുതൽ 6% പലിശയും കോടതിച്ചെലവും നൽകണമെന്നായിരുന്നു പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ദാനിയേൽ വിധിച്ചത്. ഈ ഉത്തരവിലാണ് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണന്റേതാണ് ഉത്തരവ്. നഷ്‌ടപരിഹാരം നൽകണമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദന്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനൽ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന വിഎസ് ആരോപണങ്ങൾ ഉന്നയിച്ചത്. സരിതാ നായരുടെ മറവിൽ ഉമ്മൻ ചാണ്ടി സോളർ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നും വിഎസ് ആരോപിച്ചിരുന്നു. ഇതിനെതിരെ ഉമ്മൻ ചാണ്ടി അയച്ച വക്കീൽ നോട്ടിസിനു വിഎസ് മറുപടി നൽകിയില്ല. തുടർന്നാണ് കേസ് നൽകിയത്.