സിൽവർ ലൈൻ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. റെയിൽവേ ഭൂമിയിൽ സർവേക്കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിലും ആശങ്കയുണ്ട്. പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്ക് പ്രാഥമിക പരിശോധനയിൽ വിശ്വസനീയമല്ലെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇതിനിടെ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി നേതൃസംഘം. കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ നിർവ്വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, മെട്രോമാൻ ഇ. ശ്രീധരൻ എന്നിവരടങ്ങുന്ന സംഘമാണ് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ആശങ്കകൾ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. പാർലമെന്റിലായിരുന്നു കൂടിക്കാഴ്ച്ച. ഭൂമിയേറ്റെടുക്കാനുള്ള അനുമതിയില്ലെന്ന് റെയിൽവേ മന്ത്രി പറഞ്ഞതായി കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.