ബിനീഷിന്റെ വീടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം; റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു

ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. പരിശോധനയ്ക്കായി ഇന്നലെ രാവിലെയാണ് മുരുകുമ്പുഴയിലെ ബിനീഷിന്‍റെ കോടിയേരി എന്ന വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്.

അതേസമയം ബിനീഷിന്‍റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി.എന്നാൽ ബന്ധുക്കളെ വീട്ടില്‍ കടക്കുന്നതിൽ നിന്ന് തടഞ്ഞു. ബിനീഷിന്‍റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം.ബിനിഷിന്‍റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടില്‍ ഉള്ളത്. ബിനീഷിന്‍റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിനുള്ളില്‍ ഉള്ളവര്‍ മറ്റുള്ളവരെ കാണാന്‍ താല്‍പര്യം ഇല്ലെന്ന് അറിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീടിന് മുന്നില്‍ പ്രതിഷേധിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചു.