സംസ്ഥാനത്ത് ഇ-പോസ് മെഷീൻ പണിമുടക്കി, മൂന്ന് ദിവസമായി റേഷൻ വിതരണം മുടങ്ങി

സംസ്ഥാനത്ത് ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷൻ വിതരണം മുടങ്ങി. പലയിടത്തും റേഷൻ സാധനം വാങ്ങാൻ ആളെത്തുമ്പോഴും ഇ പോസ് മെഷിൻ പണിമുടക്കുകയാണെന്നും കഴിഞ്ഞ മൂന്ന് ദിവസമായി ഇതാണവസ്ഥയെന്നും റേഷൻ വ്യാപാരികൾ പറഞ്ഞു. പ്രതിസന്ധി തുടങ്ങിയപ്പോൾ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്നുമാണ് റേഷൻ കടയുടമകളുടെ പരാതി. റേഷൻ വ്യാപാരികളുടെ സംഘടനയും കഴിഞ്ഞ ദിവസം പ്രതിസന്ധി മന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. എൻഐസിയ്ക്കാണ് സോഫ്റ്റ്‌വെയർ കാര്യങ്ങളുടെ ചുമതലയെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഓഫീസിൽ നിന്നും ലഭിച്ച മറുപടി. എന്നാൽ ഇപ്പോഴും സാങ്കേതികതകരാറ് പരിഹരിച്ചില്ല. പ്രശ്ന പരിഹാരത്തിന് നിർദ്ദേശം നൽകിയതായാണ് ഭക്ഷ്യമന്ത്രി പറയുന്നത്. ഇതാദ്യമായല്ല സംസ്ഥാനത്ത് ഇ.പോസ് മെഷീൻ പണിമുടക്കുന്നത്. തകരാർ വരുന്ന മറുക്ക് നന്നാക്കുകയല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് റേഷൻ വ്യാപാരികളുടെ പ്രധാന പരാതി. സർവർ തകരാറിലയാതോടെ കടകൾ പൂർണ്ണമായും അടച്ചിടേണ്ടിവരമെന്നാണ് ഒരു വിഭാഗം റേഷൻ വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്.