ധീരജ് വധക്കേസ്; രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍

ഇടുക്കി ഗവ.എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ്‌ഐആര്‍. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

 

പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ്. കണ്ണൂര്‍ സ്വദേശിയാണ്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. കൊലപാതകത്തിന് ശേഷം ബസില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടിയത്.