വടകര താലൂക്ക് ഓഫിസിലെ തീപ്പിടുത്തം; അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു, അട്ടിമറി സാധ്യതയടക്കം പരിശോധിക്കുമെന്ന് റൂറല്‍ എസ് പി

ഇന്ന് പുലര്‍ച്ച അഞ്ചരയോടെയാണ് കോഴിക്കോട് വടകര താലൂക്ക് ഓഫിസില്‍ തീപിടുത്തമുണ്ടായത്. ഓഫിസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും കത്തി നശിച്ച നിലയിലാണ്.ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. 3 വര്‍ഷം മുമ്പാണ് ഇവിടുത്തെ രേഖകള്‍ ഡിജിറ്റലാക്കി തുടങ്ങിയത്. അതിനാല്‍ തന്നെ അതിന് മുമ്പുള്ള രേഖകള്‍ നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. എന്തൊക്കെ രേഖകള്‍ കത്തിനശിച്ചു എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പിന്നീട് മാത്രമേ വ്യക്തമാകുകയുള്ളൂ. ഷോട്ട് സര്‍ക്യൂട്ടല്ലെന്നാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു. പുരാവസ്തു വകുപ്പിന്റെ പൈതൃക പട്ടികയിലുള്ള കെട്ടിടം 3 വര്‍ഷഃ മുമ്പ് നവീകരിച്ചിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരും വടകര എംഎല്‍എ കെ കെ രമയും രംഗത്തെത്തി.പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു.
അതേസമയം തീ പിടുത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊലീസും ഇലക്ട്രിക്കല്‍ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ഇന്ന് ഉച്ചയ്ക്ക് പൊകുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വടകരയില്‍ യോഗം ചേരുന്നുണ്ട്. അട്ടിമറി സാധ്യതയടക്കം എല്ലാം പരിശോധിക്കുമെന്ന് റൂറല്‍ എസ്പിയും അറിയിച്ചു. വടകര ഡിവൈഎസ്പിക്ക് ആണ് അന്വേഷണ ചുമതല.