നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയിൽ കുറ്റപത്രം ഈ മാസം സമർപ്പിക്കും

ആലുവയിൽ നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയിൽ കുറ്റപത്രം ഈ മാസം സമർപ്പിക്കും. ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തിയാകും കുറ്റപത്രം സമർപ്പിക്കുക.

കേസ് നടപടികൾ കോടതിയുടെ മേൽനോട്ടത്തിലാവണമെന്നാണ് മോഫിയയുടെ കുടുംബത്തിന്റെ ആവശ്യം. ഭർത്താവ് മുഹമ്മദ് സുഹൈലിന്റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും സിഐ സുധീറിനെ സ്വാധീനിച്ച രാഷട്രീയ ശക്തികളെ വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതിനായി വിചാരണാ കോടതിയിൽ ഹർജി നൽകാനാണ് കുടുംബത്തിന്റെ നീക്കം.

നവംബർ 24 ന് രാവിലെയാണ് മോഫിയ പർവിനെ (21) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുകയും സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയുമായിരുന്നു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. തുടർന്ന് പെൺകുട്ടിയുടെയും ഭർത്താവിന്റെയും വീട്ടുകാരെ മധ്യസ്ത ചർച്ചയ്ക്ക് പൊലീസ് വിളിച്ചു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയയുടെ ആത്മഹത്യ.