ബം​ഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തു

 

ബം​ഗളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ട്. ബം​ഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ നടന്ന പരിപാടികളിൽ വിദേശികൾ പങ്കെടുത്തിരുന്നു. ഇവരുടെ പട്ടിക തയാറാക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഡോക്ടർ വിദേശരാജ്യങ്ങളൊന്നും സന്ദർശിക്കാത്തതിനാൽ എവിടെ നിന്നാണ് രോ​ഗം പകർന്നതെന്ന ആശങ്ക നിലനിൽക്കുകയായിരുന്നു.

കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. ബം​ഗളൂരുവില്‍ പ്രവേശിക്കാന്‍ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പൊതുഇടങ്ങളില്‍ കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. കേരളത്തിൽ നിന്ന് എത്തുന്നവർക്കും കർശന പരിശോധനയാണ്.

ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്നലെ അറിയിച്ചു .നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. കൊവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരെ എഴുപത്തിരണ്ട് മണിക്കൂറിനുള്ളില്‍ പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.