അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്; 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിൽ

അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്ത് വന്നു. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടർക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ, ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ ഗുരുതരം.