പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. ഇന്നലെയാണ് 10 പേരെ സിബിഐ കേസില്‍ പ്രതിചേര്‍ത്തത്.

കേസില്‍ ഇരുപതാം പ്രതിയാണ് കെ വി കുഞ്ഞിരാമന്‍. സിബിഐ ആദ്യം അറസ്റ്റുചെയ്ത അഞ്ചു പ്രതികള്‍ കൊലപാതക കേസില്‍ ഗൂഡാലോചനയില്‍ നേരിട്ട് പങ്കെടുത്തെന്ന് സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടത്തിയവര്‍ക്ക് ആയുധം എത്തിച്ചുനല്‍കി, ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കമുള്ളവരുടെ ഫോണ്‍ രേഖകള്‍ ഇതിന് തെളിവാണെന്നും കെ വി കുഞ്ഞിരാമന്‍ കൃത്യം നടത്തിയവര്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. നിലവില്‍ പ്രതികള്‍ക്കെതിരെ ലഘുവായ കുറ്റങ്ങള്‍ മാത്രമാണുള്ളതെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.