കാട്ടുപന്നി ആക്രമണത്തിന്‍റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലെന്ന് കൃഷി മന്ത്രി

 

കാട്ടുപന്നി ആക്രമണത്തിൻ്റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ്. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകേണ്ട സഹായത്തെ കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രി കർഷകർക്ക് എംഎസിടി മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചു.

വന്യജീവി ആക്രമണത്തിന് പരിഹാരം തേടി ദില്ലിയിൽ സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് കാണും. കാട്ടുപന്നി വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൃഷി മന്ത്രി കൂട്ടിച്ചേർത്തു. കർ‌ഷക‌ർ കൃഷിയിൽ ഉറച്ചു നിൽക്കണം, നിലവിൽ കാട്ടുപന്നിയുടെ ആക്രമണം കാരണം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കൃഷിമന്ത്രി സമ്മതിക്കുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം.