ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന് ആവശ്യപെട്ട് ഓട്ടോ, ടാക്സി അസോസിയേഷൻ

സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് കൂട്ടുന്ന കാര്യത്തിൽ ഗതാഗതമന്ത്രി ആന്‍റണി രാജു സ്വകാര്യ ബസ്സുടമകളുമായി ഇന്ന് ചർച്ച നടത്താനിരിക്കെ, ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്നാവശ്യവുമായി ഓട്ടോ- ടാക്സി അസോസിയേഷൻ രംഗത്ത്. ഓട്ടോ മിനിമം ചാർജിൽ അഞ്ചു രൂപയെങ്കിലും കൂട്ടി 30 രൂപയാക്കണമെന്നാണാവശ്യം.

നിലവിൽ ഓട്ടോ മിനിമം നിരക്ക് 25 രൂപയാണ്. കിലോമീറ്ററിന് പിന്നീടുള്ള നിരക്ക് 12 രൂപയും. ഇപ്പോഴത്തെ ടാക്സി മിനിമം നിരക്ക് 175 രൂപയാണ്. പിന്നീടുള്ള ദൂരത്തിന് കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. നാല് ചക്രഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്ക് 30 രൂപയാണ്.

 

ഇതിന് മുമ്പ് 2018 ഡിസംബറിലാണ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും പൊള്ളുന്ന നിരക്കിൽ വില കൂടി. 2018 ഡിസംബറിൽ ഡീസൽ വില 72 രൂപയാണ്. പെട്രോൾ വില 76 രൂപയും. ഇന്നത് പെട്രോളിന് നൂറ് കടന്ന് ഇന്നത്തെ വില 105 രൂപയോളമായി, ഡീസലിന് 92 രൂപയും. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിന് മുമ്പ് ബസ് ചാർജ് കൂട്ടിയത്. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 ആക്കുകയാണ് അന്ന് ചെയ്തത്. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നും രണ്ടരയും ആക്കിയിരുന്നു.