ഐഎസ്‌എല്ലിന് ഇന്ന് കിക്കോഫ്; ജയത്തോടെ തുടങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ആവേശത്തോടെ ഐഎസ്‌എല്ലിന് ഇന്ന് തുടക്കം. തുടരെ നിരാശപ്പെടുത്തുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എടികെ മോഹൻ ബഗാനെ വീഴ്ത്തി ആരാധകരുടെ വിശ്വാസം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ്.

ഇന്ന് രാത്രി 7.30ന് ഗോവയിലാണ് മത്സരം. ഇവാന്‍ വുക്കൊമനോവിച്ചിൻറെ തന്ത്രങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് മഞ്ഞപ്പട. ജെസെല്‍ കാര്‍ണെയ്‌റോയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്. ചെഞ്ചോ, അഡ്രിയന്‍ ലൂണ, മാര്‍കോ ലെസ്‌കോവിച്ച്‌, ഹോർഹെ പെരേര ഡയസ്, എനെസ് സിപോവിച്ച്, അല്‍വാരോ വാസ്‌കെസ് എന്നിവരാണ് ഇത്തവണ മഞ്ഞക്കുപ്പായം അണിയുന്ന വിദേശ താരങ്ങള്‍.

കഴിഞ്ഞ സീസണില്‍ ഐഎസ്‌എല്ലിൻറെ ഫൈനല്‍ വരെ എത്തി കരുത്ത് കാണിച്ച ടീമാണ് എടികെ മോഹന്‍ ബഗാന്‍. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അവരെ നേരിടുക എന്നത് ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയാണ്. ഇത്തവണ പ്രീസീസണ്‍ നേരത്തെ തുടങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

മുന്നേറ്റ നിരയില്‍ അര്‍ജന്റീനിയൻ താരങ്ങളായ ഹോർഹെ പെരേര ഡയസ്, അല്‍വാരോ വാസ്‌കെസ് എന്നിവരെയാവും ബ്ലാസ്‌റ്റേഴ്‌സ് ഇറക്കുക. മധ്യനിരയില്‍ ലൂണയുടെ സാന്നിധ്യമുണ്ടാവും. ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തിലെ തൻറെ ആദ്യ ഗോള്‍ തേടി എത്തുന്ന സഹല്‍ ബ്ലാസ്‌റ്റേഴ്‌സിനായി മികവ് കാണിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളി താരമായ കെപി രാഹുലിൽ ക്ലബും ആരാധകരും വലിയ പ്രതീക്ഷ വയ്ക്കുന്നു.

നഷ്ടപ്പെട്ട കിരീടം തിരികെ പിടിക്കാന്‍ എടികെ മോഹന്‍ ബഗാന്‍ ആന്റോണിയോ ലോപ്പസിന്റെ കീഴിൽ ഇന്നിറങ്ങും. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ മുംബൈക്ക് മുന്‍പില്‍ കിരീടം അടിയറവ് വെച്ചതിന്റെ ക്ഷീണം തീര്‍ക്കുകയാവും ഇത്തവണ എടികെയുടെ ലക്ഷ്യം. മുന്നേറ്റ നിരയിലെ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, മന്‍വീര്‍ സിങ് കൂട്ടൂകെട്ടാണ് എടികെ മോഹന്‍ ബഗാന്റെ ശക്തി കൂട്ടുന്നത്. സുബാശിഷ് ബോസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യവും എടികെയെ അപകടകാരികളാക്കുന്നു.