എംബിബിഎസ് വിവാദ പരാമര്‍ശം; സംഭവിച്ചത് നാക്കുപിഴ; ഖേദം പ്രകടിപ്പിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ

എംബിബിഎസ് ഡോക്ടര്‍മാരെ കുറിച്ച് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ. താന്‍ എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലല്ല പ്രസംഗത്തില്‍ ഉദ്ദേശിച്ചത്. എന്നാല്‍ അത് അവതരിപ്പിക്കപ്പെട്ടുവന്നപ്പോള്‍ നാക്കുപിഴ സംഭവിച്ചതാണെന്നും വിവാദ പരാമര്‍ശം നിയമസഭ രേഖകളില്‍ നിന്ന് പിന്‍വലിക്കുമെന്നും ഷംസീര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നായിരുന്നു ഷംസീര്‍ നിയമസഭയില്‍ പറഞ്ഞത്.ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വെച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പീഡിയാട്രിക് ചികിത്സ നല്‍കുന്നു എന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും പറഞ്ഞ എംഎല്‍എയുടെ പരാമര്‍ശം ഏറെ വിവാദമാവുകയും ചെയ്തിരുന്നു. വ്യാജ വൈദ്യത്തിനെതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഷംസീറിന്റെ പരാമര്‍ശം. എന്നാല്‍ ഇതിനെതിരെ നിരവധി ഡോക്ടര്‍മാര്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ വിശദീകരണം.

ഷംസീറിന്റെ വാക്കുകള്‍

കഴിഞ്ഞ നവംബര്‍ 9ന് നിയമസഭയില്‍ കേരള മെഡിക്കല്‍ പ്രാക്ടീഷനേര്‍സ് ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ എന്റെ പ്രസംഗത്തില്‍ എംബിബിഎസ് ഡോക്ടര്‍മാരെ ആക്ഷേപിക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന ചില പരാമര്‍ശങ്ങള്‍ കടന്നുവന്നിട്ടുണ്ട.് അത് പിതൃതുല്യരായ ചില ഡോക്ടര്‍മാരും ഐഎംഎ ഭാരവാഹികളും ശ്രദ്ധയില്‍പ്പെടുത്തി. അപ്പോള്‍ തന്നെ അത് നിയമസഭാ രേഖകളില്‍ തിരുത്താന്‍ കത്തുകൊടുത്തു. എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലര്‍ പി.ജി ഉണ്ടെന്ന തരത്തില്‍ കേരളത്തിലെ ചില ഒറ്റപ്പെട്ടയിടങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരമെരു പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രാക്ടീസ് ബില്ലിലൂടെ ഇത്തരം പ്രവണതകള്‍ തടയണമെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അത് അവതരിപ്പിക്കപ്പെട്ടുവന്നപ്പോള്‍ നാക്കുപിഴ സംഭവിച്ചു. അത് എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു. വാക്കുകൊണ്ടോ മനസ്സുകൊണ്ടോ പ്രവൃത്തി കൊണ്ടോ താന്‍ ആഗ്രഹിക്കാത്ത കാര്യമാണ് പുറത്തുവന്നത്. എന്റെ ഉദ്ദേശ്യശുദ്ധി എംബിബിഎസ് ഡോക്ടര്‍മാര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.