Uma Thomas | PTI, Manorama Online/Special Arrangement

കൊച്ചി ; കലൂർ
ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണുണ്ടായ
അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ തോമസ് എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് നോട്ടീസ്.
നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായി തുടര്‍ നടപടി സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസിലുണ്ട്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്ത സന്ധ്യക്കിടെയായിരുന്നു ഗാലറിയില്‍ നിന്നും ഉമാതോമസ് എംഎല്‍എ വീണത്

ഉത്ഘാടന വേദിയില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ആഴ്ചകളോളം ആശുപത്രിയിലും വീട്ടിലുമായി കഴിയേണ്ടി വന്നെന്നും അതിലൂടെ തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കടക്കം നഷ്ടങ്ങള്‍ ഉണ്ടായെന്നും അതിനാല്‍ 2 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും
ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്

9 ലക്ഷം രൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്ത പരിപാടിക്കായി
മൃദംഗവിഷന് നല്‍കിയത്. സംഘാടകരുടെ വിശ്വാസ്യത പോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയം നല്‍കിയതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
സ്റ്റേഡിയം വാടകയ്ക്ക് നല്കുമ്പോള് അവിടെ എത്തുന്നവര്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാന്‍ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്. എന്നാല്‍ ആംബുലന്‍സ് അടക്കമുള്ള സുരക്ഷാ സംവിധാനം പോലും ഏര്‍പ്പെടുത്തിയിരുന്നില്ല. എന്തിന് വേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങള്‍ക്കേ നല്‍കാവൂ എന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. അരലക്ഷത്തോളം ആളുകള്‍ ഒത്തു കൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ എന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു

