
ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ള ആരോപണത്തിനിടെ രാഹുൽ ഗാന്ധി പുറത്ത് വിട്ട ഫോട്ടോ ബ്രസീലിയൻ മോഡൽ ലാരിസയുടേത്. സംഭവത്തോട് പ്രതികരിച്ച് ബ്രസീലിയൻ മോഡൽ വീഡിയോയുമായി രംഗത്തെത്തി. സംഭവം തന്നെ ഞെട്ടിച്ചുവെന്നും എന്തൊരു ഭ്രാന്താണിതെന്നും
ലാരിസ ചോദിച്ചു. ഇവിടെ എല്ലാവരും ചിരിക്കുകയാണെന്നും മോഡല്‍ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. ആൾട്ട് ന്യൂസ് സ്ഥാപകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറാണ് ലാരിസയുടെ വീഡിയോ പുറത്തുവിട്ടത്

” പരസ്പരം പോരടിക്കാൻ എന്റെ ചിത്രം ഉപയോഗിച്ചു, എന്ത് ഭ്രാന്താണെന്ന് നോക്കൂ, ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത് എൻ്റെ 18-20 വയസിൽ എടുത്ത പഴയ ചിത്രമാണ്. എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതത്രെ! എന്തൊരു ഭ്രാന്താണിത്! നമ്മളെല്ലാം ഏത് ലോകത്താണ് ജീവിക്കുന്നത്..? ഞാൻ സലൂണിലെ ജോലിക്കായി പോകുമ്പോഴാണ് ഇന്ത്യൻ മാധ്യമ പ്രവർത്തകൻ എന്നെ അഭിമുഖത്തിനായി വിളിച്ചത്. എന്നാൽ ഞാൻ തയ്യാറായില്ല. എൻ്റെ ഫോൺ നമ്പർ പ്രചരിപ്പിക്കരുതെന്ന് അവരോട് ഞാൻ അഭ്യർത്ഥിച്ചു. മറ്റൊരാൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ എന്നെ വിളിച്ചു. ഇപ്പോൾ എൻ്റെ സുഹൃത്തുക്കളും അപരിചിതരായ നിരവധി പേരും എനിക്ക് ഈ ഫോട്ടോ അയച്ചുതന്നു. നിങ്ങളാരും വിശ്വസിക്കില്ല, എന്താണ് ഇവിടെ സംഭവിക്കുന്നത്..” ലാരിസ ചോദിക്കുന്നു

ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാരിസയുടെ ചിത്രം ഉപയോഗിച്ച് 10 ബൂത്തുകളിലായി 22 വോട്ട് ചെയ്തു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹരിയാനയില്‍ നടന്ന വോട്ട് കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി വിശദീകരിച്ചത്. സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായി 22 ഇടങ്ങളിലാണ് ലാരിസയുടെ ചിത്രം ഉപയോഗിച്ചതെന്നും രാഹുല്‍ ഗാന്ധി
ചൂണ്ടിക്കാട്ടിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ലാരിസ രംഗത്തെത്തിയത്

