
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും, ടി വി പ്രശാന്തനും എതിരെ മാനനഷ്ടക്കേസ് നൽകി കണ്ണൂർ എ ഡി എം ആയിരുന്ന കെ നവീൻ ബാബുവിന്റെ കുടുംബം. പത്തനംതിട്ട സബ്കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

ഇരുവർക്കും കോടതി നോട്ടീസ് അയച്ചു. ഹർജി അടത്ത മാസം 11ന് പരിഗണിക്കും.2024 ഒക്ടോബർ 15-നാണ് നവീൻ ബാബു പള്ളിക്കുന്നിലെ സർക്കാർ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്. കണ്ണൂർ കളക്ടറേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെ കടന്നുവന്ന് അപകീർത്തികരമായി പ്രസംഗിച്ചുവെന്നാണ് ദിവ്യയ്ക്കെതിരായ ആരോപണം.


