
കൊച്ചി: ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയശേഷം റോഡ്റോളർ കയറ്റി എംവിഡി നശിപ്പിച്ചു. വാഹനങ്ങളിലെ എയർഹോണുകൾ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചുതന്നെ നശിപ്പിക്കുമെന്നും അത് മാധ്യമങ്ങൾ വാർത്തയായി നൽകണമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എയർഹോണുകൾ നശിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.

അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംസ്ഥാനത്ത് കുറച്ചധികം ദിവസമായി എയർഹോണുകൾ പിടിച്ചെടുക്കാൻ എം വി ഡിയുടെ നേത്യത്വത്തിൽ വലിയ യജ്ഞം നടന്നിരുന്നു. 500 ഓളം എയർഹോണുകൾ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുക്കുന്നതും, നശിപ്പിക്കുന്നതും മോട്ടോർ വാഹന വകുപ്പ് ക്യാമറയിൽ പകർത്തും. നിയമനടപടികൾക്ക് കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കാനാണ് എം വി ഡി ക്യാമറയിൽ പകർത്തുന്നത്.


