
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക വിവരങ്ങള്‍ വെളിപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റി. അതിനിടെ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂമി ഇടപാടുകളുടെ രേഖകളും സ്വർണാഭരണങ്ങളും സ്വർണ നാണയങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പോറ്റിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും വീട്ടിൽ ഉണ്ടായിരുന്ന മറ്റ് രേഖകകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം മറിച്ചു വിറ്റ് പങ്കിട്ടെടുത്തെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നിര്‍ണായക മൊഴി. സ്പോൺസർ മാരിൽ നിന്ന് ലഭിച്ച സ്വർണവും പണമാക്കി മാറ്റി. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമി ഇടപാട് നടത്തിയെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി

പോറ്റി കുറ്റം സമ്മതിച്ചതിന് പിന്നാലെ മണിക്കൂറുകൾ നീണ്ട പരിശോധനയിലാണ് വീട്ടിൽ നിന്ന് ഭൂ രേഖകളും സ്വര്‍ണവും കണ്ടെടുത്തത്.
പൊലീസിനൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു. വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണം ശബരിമലയിൽ ഉപയോഗിച്ച സ്വർണത്തിന്റെ ബാക്കിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. അതേ സമയ പ്രധാനപ്പെട്ട ചില രേഖകൾ പോറ്റി നശിപ്പിച്ചെന്നും എസ്ഐടി സംശയിക്കുന്നു. ചില രേഖകൾ നശിപ്പിച്ചെന്ന സംശയത്തിൽ കരിയില കത്തിച്ച സ്ഥലത്തും പരിശോധന നടത്തിയിരുന്നു


