
തിരുവനന്തപുരം: പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ആനന്ദ് ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്നും ശരീരത്തിലെ മുറിവുകളില്‍ സംശയമുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമ്മ ചന്ദ്രിക ആവശ്യപ്പെട്ടു.
”ക്രൂരമായി കുട്ടിയെ പീഡിപ്പിച്ചു. അവന് സ്വന്തമായി ഇതൊന്നും ചെയ്യില്ല. മൂന്ന് സാറുമാര് ടോര്‍ച്ചര്‍ ചെയ്യുകയാണെന്ന് അവന് പറഞ്ഞിട്ടുണ്ട്. എന്റെ കൊച്ചിനെ കാണാന്‍ ചെന്നപ്പോള്‍ അടുത്ത് പൊലീസുകാര്‍ നില്‍ക്കുകയായിരുന്നു. അവരെ പേടിച്ച് ഒന്നും പറയാത്തതായിരിക്കും. ബിപിന്‍ സാര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് അവന് പറഞ്ഞിരുന്നു. അവന് ആത്മഹത്യ ചെയ്യില്ല. നമ്മുടെ കൊച്ചിനെ താഴ്ത്തിക്കെട്ടാനല്ലേ കാണിക്കുകയുള്ളു ” – അമ്മ പറഞ്ഞു. താഴ്ന്ന ജാതിക്കാരെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ആനന്ദിന്റെ സഹോദരനും പറഞ്ഞു. ഇനി അവന് ആത്മഹത്യ ചെയ്താലും അതിന് കാരണമെന്താണെന്നും സഹോദരന് ചോദിച്ചു. ”ആനന്ദ് മാനസിക രോഗിയണെന്നാണ് പറയുന്നത്, അങ്ങനെയൊരാളെ എന്തിനാണ് പിഎസ്സി വഴി ജോലിക്ക് കയറ്റിയത്” – സഹോദരന് ചോദിച്ചു.

അതേസമയം ആനന്ദിന്റെ മരണത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി വിജു കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്യാമ്പിലെ പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കും. സെപ്റ്റംബര്‍ 18നായിരുന്നു തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്


