
തിരുവനന്തപുരം ജില്ലാ ജയിലിലാണ് റിമാന്‍ഡ് പ്രതിയായ പത്തനംതിട്ട സ്വദേശി ബിജു
ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനാണ് ബിജു.
സഹപ്രവര്‍ത്തകയെ ഉപദ്രവിച്ച് എന്നാരോപിച്ച് ഇക്കഴിഞ്ഞ 12ാം തിയ്യതിയാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ ജില്ലാ ജയിലില്‍ എത്തിക്കുകയായിരുന്നു.

ജയിലില്‍ നിന്ന് 13ന് വൈകിട്ടാണ് ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചത്. ആന്തരിക അവയവങ്ങള്‍ക്കടക്കം ക്ഷതമേറ്റിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം 13ാം തിയതി ബിജുവിനെ ജയിലിന് അകത്തുള്ള ഓടയ്ക്കകത്ത് അവശ നിലയില്‍ കണ്ടെത്തി എന്നാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നല്‍കിയിട്ടുള്ള വിശദീകരണം. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിന്റെ ജീവന് ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.
എവിടെ നിന്ന് മര്‍ദനമേറ്റു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് അറിയുന്നത്.
ബിജുവിന് മാനസികമായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി


