

തിരുവനന്തപുരം: അര്‍ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശനത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണ് കരാര്‍ ലംഘിച്ചതെന്ന കായിക മന്ത്രിയുടെയും സ്പോണ്‍സറുടെയും വാദം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് പ്രതിപക്ഷം. സര്‍ക്കാര്‍ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.മെസി ഈസ് മിസ്സിംഗ് എന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പരിഹസിച്ചു.

വിഷയത്തിൽ കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മെസ്സിയാണ് സിപിഎമ്മിന്റെ സ്റ്റാർ ക്യാമ്പേയ്നർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു. മെസിയെ കൊണ്ടുവരാൻ സർക്കാരിന് ഒരു ആത്മാർത്ഥതയുമില്ല. തെരഞ്ഞെടുപ്പ് സമയങ്ങളിലാണ് മെസ്സി വിഷയം ഉയർന്നു കേൾക്കുന്നത്. കോൺഗ്രസസിനു സ്റ്റാർ ക്യാമ്പേയ്നർമാരുണ്ട്. സിപിഎമ്മിന് നേതൃദാരിദ്ര്യമാണല്ലോ. മെസ്സിയാണ് സിപിഎമ്മിന്റെ സ്റ്റാർ ക്യാമ്പേയ്നർ. അതങ്ങ് ജനങ്ങളോട് തുറന്ന് പറഞ്ഞാൽ പോരെയെന്നും സംസ്ഥാന സർക്കാരിന്റെ പി ആർ സ്റ്റാണ്ടിന് ഏറ്റ തിരിച്ചടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

