

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച യുകെ പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി അയച്ചെന്ന് ആരോപണം. യുകെയില്‍ എത്തിച്ച മൃതദേഹങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മരിച്ചവരുടെ ഡിഎൻഎ കുടുംബങ്ങളുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെളിഞ്ഞത്. യുകെയിലെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ ജെയിംസ് ഹീലി-പ്രാറ്റാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

വിമാനാപകടത്തില്‍ മരിച്ചവരുടെ 12 മുതൽ 13 സെറ്റ് വരെയുള്ള ഭൗതികാവശിഷ്ടങ്ങളാണ് യുകെയിലേക്ക് അയച്ചത്. അപകടത്തില്‍ മരിച്ച 261 പേരില്‍ 52 പേർ ബ്രിട്ടീഷുകാരായിരുന്നു. ഇവരില്‍ 12 ബ്രിട്ടീഷ് പൗരന്മാരുടെ ഭൗതീകാവശിഷ്ടങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്. യുകെയിലേക്ക് അയച്ച മൃതദേഹാവശിഷ്ടങ്ങളില്‍ പലതും തന്നെ ആചാരങ്ങൾക്കനുസൃതമായി സംസ്കരിച്ചിരുന്നു. എന്നാല്‍ രണ്ട് കുടുംബങ്ങൾ ഡിഎന്‍എ പരിശോധന നടത്തിയതിന് പിന്നാലെയാണ് അവശിഷ്ടങ്ങള്‍ തങ്ങളുടെതലെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

അതേസമയം, നിരവധി ബ്രിട്ടീഷ് പൗരന്മാരുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ത്യയിൽ നടത്തിയതായും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റൊരു കുടുംബത്തിന് ലഭിച്ച മൃതദേഹത്തോടൊപ്പം അതേപെട്ടിയില് അജ്ഞാതനായ മറ്റൊരു വ്യക്തിയുടെ മൃതദേഹവും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
