
ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ചെന്നൈയിലെ പൊന്നേരിയിലാണ് ലോകേശ്വരി എന്ന 22 കാരി ജീവനൊടുക്കിയത്. വിവാഹത്തിന് ശേഷം മൂന്നാം ദിവസം ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയിൽ വച്ച് ജീവനൊടുക്കുകയായിരുന്നു.

കട്ടാവൂര്‍ സ്വദേശിയായ പനീര്‍ (37) ആണ് ലോകേശ്വരിയെ വിവാഹം കഴിച്ചത്. ഗജേന്ദ്രൻ എന്നയാളുടെ മകളാണ് ലോകേശ്വരി. അഞ്ച് പവൻ സ്വർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ രക്ഷിതാക്കൾ സമ്മതിച്ചത്. എന്നാൽ നാല് പവനും ബൈക്കും നൽകിയ ലോകേശ്വരിയുടെ മാതാപിതാക്കൾ ഒരു പവൻ നൽകാൻ സാവകാശം ചോദിച്ചിരുന്നു.

എന്നാൽ വിവാഹത്തിന് ശേഷം ഭർതൃ വീട്ടിൽ എത്തിയ മുതൽ ഭർതൃ മാതാവും ഭർത്താവിന്റെ സഹോദരന്റെ ഭാര്യയും ലോകേശ്വരിയോട് ബാക്കിയുള്ള സ്വർണവും എയർ കണ്ടീഷണറും വീട്ടിലേക്കുള്ള സാധനങ്ങളും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് ആരോപണം.
ലോകേശ്വരിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. ജൂൺ 27നായിരുന്നു 22 കാരിയുടെ വിവാഹം. രണ്ട് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്.

