
കണ്ണൂര്‍; സിപിഎമ്മിനെയും ഡിവൈഎഫ്ഐയെയും സംബന്ധിച്ചെടുത്തോളം
ഒരിക്കലും മറക്കാന്‍ കഴിയാത്ത, മുറിവുണങ്ങാത്ത, വൈകാരികമായ ഒരു ഏടാണ് കൂത്തുപറമ്പ് വെടിവെപ്പ്. 1994 നവംബർ 25നാണ് 5 ഡിവൈഎഫ്ഐക്കാർ കൊല്ലപ്പെടുകയും പുഷ്പൻ ഉൾപ്പെടെ 6 പേർക്ക് പരിക്കേൽക്കുകയും ചെയ്ത, കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വെടിവെയ്പ് നടന്നത്

ഇപ്പോള്‍ ഡിജിപിയായി നിയമിതനായ
റവാഡ ചന്ദ്രശേഖറാണ്
തലശ്ശേരി എ.എസ്.പി. ആയിരിക്കെ കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയത്.
എഎസ്പിയായി നിയമിതനായി പിറ്റേന്നു തന്നെയായിരുന്നു ഇത്.
കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അന്നത്തെ സഹകരണ മന്ത്രി എംവി രാഘവൻ. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെതിരെ സമര രംഗത്തായിരുന്നു
ഡിവൈഎഫ്ഐ. മന്ത്രിയെ
കരിങ്കൊടി കാണിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ കൂത്തുപറമ്പിലും എത്തി.
ഇരമ്പിയെത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. തുടർന്ന് കല്ലേറും സംഘർഷവുമുണ്ടായി. കണ്ണീർവാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയില്ല. തുടര്‍ന്ന് പോലീസ് നിറയൊഴിച്ചു. വെടിവെപ്പിന് ഉത്തരവിട്ടത് റവാഡയായിരുന്നു. 5 പേർക്കാണ് ജീവൻ നഷ്ടമായത്.
അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു സഖാവ് പുഷ്പൻ.
വെടിയേറ്റ് കഴുത്തിന് താഴെ തളർന്ന ശരീരവുമായി
3 പതിറ്റാണ്ടു നീണ്ട കിടപ്പു ജീവിതത്തിനൊടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 28-നാണ് പുഷ്പന് മരണത്തിന് കീഴടങ്ങിയത്

കേരളത്തെ സംഘര്‍ഷ ഭരിതമാക്കിയ, പിടിച്ചു കുലുക്കിയ വെടിവെപ്പ് കേസിൽ റവാഡയെയും പ്രതി ചേർത്ത് കൊലക്കുറ്റം ചുമത്തി. പക്ഷെ 2012-ൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കൊല നടത്താനുള്ള വ്യക്തി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യ നിർവഹണത്തിലായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി മറ്റു പ്രതികളെ ഉൾപ്പെടെ കുറ്റ വിമുക്തരാക്കിയത്. തുടർന്ന് റവാഡ ചന്ദ്രശേഖര്‍ കേന്ദ്ര സർവീസിലേക്ക് നിയമിക്കപ്പെട്ടു. അന്ന്
സിപിഎമ്മുമായി ഏറ്റുമുട്ടിയ റവാഡ
സിപിഎം സർക്കാരിന്റെ കാലത്തു തന്നെ ഇപ്പോള്‍ സംസ്ഥാനത്തിന്റെ പോലീസ് തലവനായി നിയമിക്കപ്പെട്ടു എന്നതും കൗതുകകരമായ കാര്യമാണ്

