
തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുകാരിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് അച്ഛന് ശബ്ദസന്ദേശം അയച്ചതിന് പിന്നാലെയാണ് യുവതിയുടെ മരണം. തിരുപ്പൂരിലെ റിധന്യയാണ് മരിച്ചത്. ഈ വർഷം ഏപ്രിലിലാണ് റിധന്യയും കവിൻ കുമാറും വിവാഹിതരായത്. സംഭവത്തിഒന് പിന്നാലെ ഭർത്താവിനെയും ഭർത്താവിന്റെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

100 പവന്റെ സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകിയാണ് വിവാഹം നടത്തിയത്.

ഞായറാഴ്ച മൊണ്ടിപാളയത്തെ അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്ന് കാറെടുത്ത് ഇറങ്ങിയത്. ഒരുപാട് നേരം കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോകുന്ന വഴിയിൽ കാർ നിർത്തി വിഷം കഴിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരിക്കുന്നതിന് മുമ്പ് റിധന്യ അച്ഛന് വാട്ട്സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നു. ഭർതൃ വീട്ടിലെ പീഡനങ്ങൾ ഈ സന്ദേശങ്ങളിലൂടെ റിധന്യ വിശദീകരിച്ചു. ജീവനൊടുക്കാൻ തീരുമാനിച്ചതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു ഒരു സന്ദേശം..

