

രാജ്ഭവനിലെ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകും. സർക്കാർ പരിപാടികളിൽ ആർഎസ്എസിൻ്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ ഗവർണറെ എതിർപ്പ് അറിയിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. മറ്റ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം ചൂണ്ടിക്കാട്ടും. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്ത് നൽകുക. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സർക്കാരിൻ്റെ തീരുമാനം.

മന്ത്രിമാരായ വി ശിവൻകുട്ടി, പി പ്രസാദ് എന്നിവർ പങ്കെടുത്ത പരിപാടികളിലെ വേദിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് രാജ്ഭവൻ പരിപാടികൾ ബഹിഷ്കരിച്ചിരുന്നു.

