കർണാടക: വിജയപുരയിലെ കനറാ ബാങ്കിന്റെ മണഗുളി ബ്രാഞ്ചിലാണ് രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളകളിൽ ഒന്നായ കവര്‍ച്ച നടന്നത്. 52 കോടി രൂപയുടെ സ്വർണവും അഞ്ച് ലക്ഷത്തിലധികം രൂപയുമാണ് കൊള്ളയടിച്ചത്. ബാങ്കിന്റെ ഏറ്റവും പിന്നിലെ മുറിയിലുള്ള ലോക്കറുകളിലാണ് ഇത്ര വലിയ മോഷണം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഈ ലോക്കറുകളിലുണ്ടായിരുന്ന 5,20,000 രൂപയും മോഷണം പോയിട്ടുണ്ട്.
സ്വർണം കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും മെയ് 23 മുതൽ മെയ് 25 വരെയുള്ള ദിവസങ്ങളിൽ സിസിടിവി ഓഫായിരുന്നുവെന്ന് കണ്ടെത്തിയെന്നുമാണ് ബാങ്കുദ്യോഗസ്ഥർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ട് ദിവസം അവധിയായിരുന്നത് മുൻകൂട്ടി കണ്ടാണ് മോഷ്ടാക്കൾ സ്വർണം കടത്താൻ ഈ സമയം തെരഞ്ഞെടുത്തത് എന്നാണ് സൂചന. ബാങ്കിന്റെ സേഫ്റ്റി അലാറം ഓഫായിരുന്നു.
നെറ്റ്വർക്ക് വീഡിയോ റെക്കോർഡർ മോഷ്ടാക്കൾ കൊണ്ട് പോയി. സിസിടിവികളും ഓഫായിരുന്നു. മോഷണം വൈകി മാത്രം റിപ്പോർട്ട് ചെയ്തതും പൊലീസിന് ലതലവേദനയാണ്. സംഭവത്തിൽ മൂന്ന് പേരടങ്ങുന്ന എട്ട് സംഘങ്ങൾ അന്വേഷണം നടത്തുമെന്ന് വിജയപുര എസ്പി ലക്ഷ്മൺ നിംബാർഗി വ്യക്തമാക്കി.