എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത; ചരിത്രം കുറിച്ച് കണ്ണൂർ സ്വദേശിനി

എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രം സൃഷ്ടിച്ച് പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ്. 8,848 മീറ്റർ ഉയരമുള്ള കൊടുമുടി 20 മണിക്കൂറിലധികം കുത്തനെ കയറിയാണ് കീഴടക്കിയത്. ഒരു മാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ മേയ്​ 18 ഞായറാഴ്​ചയാണ്​ എവറസ്​റ്റ്​ കൊടുമുടി തൊട്ടുകൊണ്ട്​ സഫ്രീന ചരിത്രം കുറിച്ചത്​. ഈ നേട്ടത്തോടെ, എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഖത്തറിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രവാസി വനിതയും കേരളത്തിൽ നിന്നുള്ള ആദ്യ വനിതയുമായി അവർ മാറി.

ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ ഭർത്താവ് ഡോ. ഷമീലിനൊപ്പം സഫ്രീനയും വർഷങ്ങളായി പർവതാരോഹണം ഹോബിയാക്കിയവരാണ്​. ഇരുവരും 2021ൽ ടാൻസാനിയയിലെ കിലിമഞ്ജാരോ (5,895 മീ.), 2022ൽ അർജന്റീനയിലെ അക്കോൻകാഗ്വാ (6,961 മീ.) 2024ൽ റഷ്യയിലെ എൽബ്രസ് (5,642 മീ.) എന്നീ കൊടുമുടികൾ വിജയകരമായി കീഴടക്കിയിട്ടുണ്ട്. പരിക്കിനെ തുടർന്ന്​ ഡോ. ഷമീലിന് എവറസ്​റ്റ്​ സ്വപ്​നത്തിൽ നിന്ന് പിന്മാറേണ്ടി വന്നപ്പോഴും സ്വപ്​നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കി​ ഈ ഏപ്രിൽ 12നാണ്​ ​ദോഹയിൽ നിന്നും നേപ്പാളിലേക്ക്​ യാത്രയായത്.​

എലീറ്റ്‌ എക്സ്‌പെഡ് എന്ന പർവതാരോഹണ കമ്പനിക്കൊപ്പമാണ് സഫ്രീന എവറസ്റ്റ് കൊടുമുടിയിലേക്ക് പുറപ്പെട്ടത്. വേങ്ങാട്​ കെപി സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പിഎം അബ്​ദുൽ ലത്തീഫിന്റെയും മകളാണ്​ സഫ്രീന. മിൻഹ മകളാണ്​.