ഇന്ത്യൻ സൈന്യം പാകിസ്ഥാനും ഭീകരര്‍ക്കുമെതിരെ നടത്തിയ തിരിച്ചടിയിൽ ലോക നേതാക്കളുടെ
പ്രതികരണം. സംഘര്‍ഷം എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്
പ്രതികരിച്ചു.
ഇന്ത്യയും പാകിസ്‌താനും തമ്മിൽ വർഷങ്ങൾ
നീണ്ടു നിൽക്കുന്ന യുദ്ധ സമാനമായ സാഹചര്യമാണുളളതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
അതേ സമയം പാകിസ്ഥാനോട് മൃദു സമീപനം സ്വീകരിക്കുന്ന ചൈന ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. സൈനിക നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച ചൈന ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ്.
ഇരു രാജ്യങ്ങളും ചൈനയുടെയും അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്നും വ്യക്തമാക്കി
ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള സംഘർഷാവസ്ഥയിൽ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ആശങ്ക അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയുമായി ഇസ്രായേല്‍ രംഗത്തെത്തി. ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിക്ക് അവകാശമുണ്ടെന്ന് ഇസ്രായേൽ പ്രതികരിച്ചു. സാധാരണക്കാർക്ക് നേരയുള്ള ആക്രമണത്തിൽ തീവ്രവാദികൾക്ക് ഒളിച്ചിരിക്കാനൊരു ഇടമുണ്ടാകില്ലെന്ന് ഭീകരവാദികൾ അറിയണമെന്ന് ഇസ്രായേലിലെ ഇന്ത്യൻ അംബാസിഡറായ റിയുവെൻ അസർ എക്സിൽ കുറിച്ചു.
ഇന്ത്യയും പാകിസ്‌താനും സംയമനം പാലിക്കാനും സമാധാനത്തിന് ഭീഷണി ആയേക്കാവുന്ന സംഘർഷങ്ങൾ ഒഴിവാക്കാനും ശ്രമിക്കണമെന്ന് യുഎഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഓഫ് ഫോറിൻ അഫയേഴ്സ് ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ പ്രസ്‌താവനയിൽ അറിയിച്ചു
ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള പ്രശ്നങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ സാമൂഹികമാധ്യമം ആയ എക്സിൽ കുറിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മാർക്കോ റൂബിയയോട് ഇന്ത്യയുടെ സൈനിക നീക്കങ്ങളെ പറ്റി വിവരിച്ചതായി വാഷിങ്ടണിലെ ഇന്ത്യൻ എംബസി അറിയിച്ചു
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ന് പുലര്‍ച്ചെയാണ്
ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലും പാക്കധീന കാശ്മീരിലും ഉള്ള ഭീകരരുടെ 9 കേന്ദ്രങ്ങൾ തകർത്തത് 80ഓളം ഭീകരർ മരിച്ചതായാണ് പ്രാഥമിക മായി പുറത്തു വരുന്ന വിവരം