വിഴിഞ്ഞം ഉത്സവ ലഹരിയിൽ; തുറമുഖം നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. തുറമുഖത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം;
കേരളത്തിന്‍റെ സ്വപ്ന വികസന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കമ്മീഷനിംഗ് ചടങ്ങുകൾക്കായി മോദി ഇന്ന് രാത്രി തന്നെ തിരുവനന്തപുരത്തെത്തും.
നാളെ രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത്ത് എത്തും. തുറമുഖം നടന്ന് കാണും. തുടര്‍ന്ന് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും.12.30ഓടെ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും
ഇന്ന് രാത്രി 7.45ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ
എയർ ഇന്ത്യ വൺ വിമാനമിറങ്ങുക. റോഡ് മാർഗം രാജ്ഭവനിലേക്ക് പോകുന്ന മോദി ഗവർണർക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും

പഹൽഗാം ഭീകര ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് തിരുവനന്തപുരം. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കും. അഭിമാന മുഹൂർത്തത്തിന് സാക്ഷിയാക്കാൻ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ട്. ഇന്ന് ഒന്നിന് ഉച്ചയ്ക്കു 2 മുതൽ രാത്രി 10 മണി വരെയും നാളെ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയനത്. വിമാനത്താവളത്തിലേക്കു വരുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു

അതിനിടെ നാളെ കമ്മീഷനിങ്ങ് നടക്കാനിരിക്കെ വിഴിഞ്ഞം തുറമുഖത്തിന് ബോംബ് ഭീഷണി ലഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
മലപ്പുറത്ത് ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ ഇത് എവിടെയാണെന്ന് വ്യക്തമായിട്ടില്ല.
പ്രധാനമന്ത്രി
പങ്കെടുക്കുന്ന ചടങ്ങായതിനാൽ തന്നെ
എസ്‌പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖ മേഖലയുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലും സെക്രട്ടറിയേറ്റും ക്ലിഫ് ഹൗസും രാജ്ഭവനും ഉൾപ്പെടെ തിരുവനന്തപുരത്തെ സുപ്രധാന കേന്ദ്രങ്ങളിലെല്ലാം ബോംബ് ഭീഷണി ഉണ്ടായിരുന്നു