സ്വത്തിന് വേണ്ടി 52കാരിയായ ഭാര്യയെ കൊന്ന 28കാരന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ..

തിരുവനന്തപുരം: നെയ്യാറ്റിൻകര ത്രേസ്യാപുരത്ത്
ശാഖാകുമാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ്
അരുണിനാണ്
ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീറാണ് ശിക്ഷിച്ചത്.
2020 ഡിസംബർ 26-ന് പുലർച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം.
ഇലക്ട്രീഷ്യനാണ് പ്രതിയായ അരുൺ.
വിവാഹം വേണ്ടെന്ന് വെച്ച ശാഖാകുമാരിക്ക്
അരുണിനെ വിവാഹം
കഴിക്കുമ്പോൾ
52 വയസ്സും അരുണിന് 28 വയസ്സുമായിരുന്നു പ്രായം.
ശാഖാകുമാരിയുമായി അടുപ്പം നടിച്ച ശേഷം വീട്ടുകാരെ അറിയിക്കാതെ വിവാഹം കഴിക്കുകയായിരുന്നു.
വരൻ്റെ ഭാഗത്ത് നിന്ന് ഇയാളുടെ ഒരു സുഹൃത്ത് മാത്രമെ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ.
50 ലക്ഷം രൂപയും 100 പവൻ ആഭരണവുമാണ് വിവാഹസമയത്ത് അരുൺ ശാഖാകുമാരിയിൽനിന്ന് വാങ്ങിയത്.
തൻ്റെ സ്വത്തുകൾക്ക് അവകാശിയായി ഒരു കുഞ്ഞ് വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും അടുപ്പം വിവാഹത്തിലേക്കെത്താന്‍ കാരണമായി

അതേ സമയം വിവാഹം രഹസ്യമായിരിക്കണമെന്നും വിവാഹ ഫോട്ടോ, വീഡിയോ ഒന്നും പ്രചരിപ്പിക്കാൻ പാടില്ലെന്നും അരുൺ നിർബന്ധം പിടിച്ചിരുന്നു. തന്നെക്കാൾ പ്രായക്കൂടുതലുള്ള
ആളെ വിവാഹം കഴിച്ചത് ആരും അറിയരുതെന്ന് അരുണ്‍ പ്രതി ആഗ്രഹിച്ചു. എന്നാൽ, ശാഖാകുമാരിയുടെ ബന്ധുക്കളിൽ ചിലർ വിവാഹ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്ചെയ്തത് പ്രതിയെ ചൊടിപ്പിച്ചു.
വിവാഹശേഷം ശാഖാകുമാരിയുടെ വീട്ടിലായിരുന്നു അരുണിൻ്റെ താമസം. വിവാഹത്തിന് മുമ്പ് തന്നെ പ്രതി ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് കാറും ബൈക്കും വാങ്ങിയിരുന്നു. വിവാഹശേഷവും ആഡംബര ജീവിതം തുടർന്നു. ഇതിനിടെ, കുട്ടികൾ വേണമെന്ന ശാഖാകുമാരിയുടെ ആവശ്യത്തോട് അരുൺ വിമുഖത കാണിച്ചു. തുടർന്നാണ് ശാന്താകുമാരിയെ ഒഴിവാക്കാനും ഇവരുടെ ബാക്കി സ്വത്ത് കൈക്കലാക്കാനുമായി പ്രതി കൊലപാതകം ആസൂത്രണംചെയ്തത്