പാസ്റ്റർ മതം മാറി, പിന്നാലെ ഹിന്ദു മതം സ്വീകരിച്ച് വിശ്വാസികൾ. പള്ളി ഒടുവിൽ ക്ഷേത്രമായി

രാജസ്ഥാന്‍; ബന്‍സ്വാരയിലെ ഗോത്രവര്‍ഗ്ഗ ഗ്രാമമായ സോദ്‍ലദൂധയിലാണ് ക്രിസ്ത്യന്‍ മത വിശ്വാസികളില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദുമതം സ്വീകരിച്ചത്. ഇതിന് ഒത്താശ ചെയ്തതാകട്ടെ പള്ളിയിലെ പാസ്റ്ററും. ഭൂരിഭാഗം വിശ്വാസികളും ഹിന്ദുമതത്തിലേക്ക് മതം മാറിയതോടെ പള്ളി ക്ഷേത്രമായി മാറുകയും പൂജാരിയായി പഴയ പള്ളിയിലെ പാസ്റ്റര്‍ തന്നെ സ്വയം നിയമിതനാകുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . വന്‍ പോലീസ് സംരക്ഷണത്തിലായിരുന്നു മതം മാറ്റച്ചടങ്ങുകൾ നടന്നത്

മൂന്ന് വർഷം പഴക്കമുള്ള പള്ളിയാണ് ഇപ്പോൾ ക്ഷേത്രമായത്. പള്ളിയിലെ പാസ്റ്ററായിരുന്ന ഗൌതം ഗരാസിയയുടെ നേതൃത്വത്തിലായിരുന്നു മതം മാറ്റ ചടങ്ങുകൾ നടന്നത്. ഗൌതമിന്‍റേത് ഉൾപ്പടെ 45 കുടുംബങ്ങളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. ഇതില്‍ 30 കുടുംബങ്ങളാണ് ഇപ്പോൾ വീണ്ടും മതം മാറിയിരിക്കുന്നത്. ഇവര്‍ 30 വര്‍ഷം മുമ്പ് ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഗൌതം മതം മാറിയപ്പോഴാണ് ഗ്രാമവാസികളെല്ലാവരും ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായത്. തന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാലാണ് ഇപ്പോൾ തിരിച്ച് വന്നതെന്നും ഗൌതം പറഞ്ഞു. ഒരാളെയും മതം മാറാനായി നിർബന്ധിച്ചിട്ടില്ലെന്നും എല്ലാവരും സ്വമനസാലെ മതം മാറുകയായിരുന്നെന്നും ഗൌതം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു