15കാരിയുടെയും യുവാവിന്റെയും മരണം ആത്മഹത്യ തന്നെ ; പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. യുവാവിനെതിരെ നേരത്തെ പരാതി നല്‍കി

കാസർഗോഡ് ; പൈവളിഗെയില്‍ നിന്ന് കാണാതായ 15 കാരിയുടെയും അയൽവാസിയായ യുവാവിന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്ന് രാവിലെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി ഇരുവരുടെയും സാമ്പിളുകൾ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. മൃതദേഹങ്ങൾ ഉണങ്ങിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ക്ക് 20ലധികം ദിവസത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്

ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും അയല്‍വാസിയായ 42കാരന്‍ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ഇവരെ വീടിന് 200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്ത് നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
എന്നാൽ ആത്മഹത്യ യിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തയില്ല.
കൂടുതല്‍ പരിശോധനക്കായി ഇരുവരുടെയും മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് കൈമാറി

അതിനിടെ മരിച്ച ശ്രേയയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് വന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ നാളെ ഹൈക്കോടതിയിൽ കേസ് ഡയറിയുമായി ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമോയെന്ന് കോടതി ചോദിച്ചു. പെൺകുട്ടിയെ കണ്ടെത്താൻ എടുത്ത കാലതാമസമാണ് കോടതിയെ ചൊടിപ്പിച്ചത്. നിയമത്തിന് മുന്നിൽ വിവിഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു
ഇരുവരുടെയും മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന പെൺകുട്ടിയുടെ വീടിനടുത്താണ് എത്തി നിന്നത്. എന്നിട്ടും ആഴ്ചകളോളം മൃതദേഹം കണ്ടെത്താൻ വൈകിയത് പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണം നാട്ടുകാരിലും ബന്ധുക്കളിലും ശക്തമാണ്

അതേ സമയം പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രദീപിനെതിരെ നാട്ടുകാര്‍ മുമ്പ് സ്‌കൂളിൽ പരാതി നൽകിയ സംഭവമുണ്ട്. പ്രദീപ് പലപ്പോഴായി പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോകുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാരുടെ ഇടപെടലുണ്ടായത്. വിഷയത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വന്ന് ഇരുവരും തമ്മിൽ സൗഹൃദം മാത്രമാണുള്ളതെന്ന് പ്രദീപ് സ്കൂളിൽ പറയിപ്പിച്ചു. പരാതിയും പിൻവലിപ്പിച്ചു. അന്ന് കൃത്യമായ നടപടി എടുത്തിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുകയില്ലായിരുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു