കുളിക്കാൻ പോയ വിദ്യാർത്ഥി ആറ്റിൽ മുങ്ങി; പേടിച്ച് വിവരം പുറത്തു പറയാതെ കൂട്ടുകാർ.. മൃതദേഹം കണ്ടെത്തി

കൊല്ലം; കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയി
കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ അച്ചു (17) ആണ് മരിച്ചത്.
മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയംകടവില്‍ കുളിക്കാന്‍ പോയതായിരുന്നു അച്ചു. ആറ്റില്‍ ഇറങ്ങിയ അച്ചു മുങ്ങിത്താഴ്ന്നതായും പേടിച്ച് ആരോടും കാര്യം പറഞ്ഞില്ലെന്നുമാണ് കൂട്ടുകാര്‍ വിശദീകരിക്കുന്നത്.
അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്

ഇക്കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അച്ചു തങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നുവെന്നാണ് കുളിക്കാന്‍ ഒന്നിച്ച് പോയ കൂട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. രണ്ടാമതും കൂട്ടുകാരെ ചോദ്യം ചെയ്തത് നിര്‍ണ്ണായകമായി. വിശദമായ ചോദ്യം ചെയ്യലില്‍ കൂട്ടുകാര്‍ നടന്ന കാര്യം പോലീസിനോട് വ്യക്തമാക്കി.
തുടര്‍ന്ന് ഇന്നലെ അഗ്നിരക്ഷാസേന സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്