പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ പരസ്യമായി കേക്ക് മുറിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ ഒന്നാംപ്രതി അറസ്റ്റിൽ. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസ് ആണ് അറസ്റ്റിൽ ആയത്.
വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയുമായിരുന്നു ഞാറാഴ്ച ആഘോഷപരിപാടികൾ നടന്നത്
നിരവധി കാറുകളിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തിയ സംഘം പള്ളിക്ക് മുൻപിൽ കാറുകൾ പാർക്ക് ചെയ്യുകയും, കൂട്ടം കൂടി കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയുമായിരുന്നു. ഇവയെല്ലാം വീഡിയോകളാക്കി യുവാക്കൾ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. കമ്മട്ടിപ്പാടം എന്ന ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം
ഡിവൈഎഫ്ഐ പ്രവർത്തകരും ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. രാഷ്ട്രീയ സ്വാധീനമുള്ള യുവാക്കളുടെ സംഘം നടുറോഡിൽ ഗതാഗതം തടസ്സപ്പെടുത്തി ജന്മദിനം ആഘോഷിക്കുമ്പോൾ പൊലീസ് കണ്ണടയ്ക്കുകയാണെന്ന് വിമർശനം ഉയർന്നിരുന്നു. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ഡി ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് ബാക്കിയുള്ള ഇരുപതോളം പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി