നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്‍റെ നിജസ്ഥിതി നാടറിയണമെന്ന് എം വി ജയരാജൻ. ദിവ്യ കേന്ദ്ര നേതൃത്വത്തെ സമീപിച്ചേക്കും

കണ്ണൂര്‍; പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ്
എം വി ജയരാജന്‍
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് പരാമര്‍ശിച്ചത്.
”നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും
വാങ്ങിയില്ലെന്നും
രണ്ട് അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങള്‍ക്ക് നിജസ്ഥിതി അറിയേണ്ടതുണ്ട്. ഇതിനാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.”
ഇങ്ങനെയായിരുന്നു
സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ പരാമര്‍ശം. മരിച്ച എഡിഎമ്മിന്റെ കുടുംബത്തോട് എല്ലാവിധ ഐക്യദാർഢ്യവും വ്യസനവും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു

നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി ജയിലിലടച്ച ദിവ്യയെ പാർട്ടി തരം താഴ്ത്തിയതിലെ വിവാദങ്ങളെയും
ജയരാജൻ പ്രസംഗത്തിൽ പരാമർശിച്ചു.
‘ ദിവ്യക്കെതിരെ സ്വീകരിച്ചത് പാർട്ടി നടപടി മാത്രമാണ്. പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് വലതു പക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് മാതിരി കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുക” എം വി ജയരാജൻ ചോദിച്ചു

അതേ സമയം തന്നെ തരം താഴ്ത്തിയ പാർട്ടി നടപടിയെ അംഗീകരിച്ച്, ഫേസ്ബുക്ക് പോസ്റ്റിട്ടെങ്കിലും ദിവ്യ കടുത്ത അതൃപ്തിയില്‍ തന്നെയാണെന്നാണ് വിവരം. നടപടിക്കെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നും അറിയുന്നു. ജയിലിലിൽ കിടക്കുമ്പോൾ നടപടി എടുത്തത് ശരിയായില്ലെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നുമാണ് ദിവ്യയുടെ പരാതി.
നേരത്തെ രണ്ടു പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി നേതാക്കളായിരുന്ന പി കെ ശ്യാമളക്കും ജെയിംസ് മാത്യുവിനും എതിരെ
കൈക്കൊള്ളാത്ത പാർട്ടി അച്ചടക്ക നടപടി ജയിലിൽ കിടക്കുമ്പോള്‍ തനിക്കെതിരെ മാത്രം എന്തിനെടുത്തു എന്നാണ് ദിവ്യയുടെ ചോദ്യം