നഗ്നശരീരം കാണിച്ച് വ്യാപാരിയെ കെണിയിൽ വീഴ്ത്തി; രണ്ടരക്കോടി തട്ടിയെടുത്ത ദമ്പതികളുടേത് ആഡംബര ജീവിതം

തൃശ്ശൂരിലെ വ്യാപാരിയെ
ഹണിട്രാപ്പിൽപ്പെടുത്തി രണ്ടരക്കോടി തട്ടിയെടുത്ത ദമ്പതികള്‍ പണം ചെലവിട്ടത് ആഡംബര ജീവിതത്തിന്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെമി (ഫാബി-38), ഭർത്താവ് സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 4 ആഡംബര കാറുകളും 82 പവൻ സ്വർണവും പോലീസ് കണ്ടെടുത്തു

2020-ലാണ് തൃശ്ശൂരിലെ വ്യാപാരി(63)യുമായി ഷെമി പരിചയത്തിലായത്.
ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയച്ചും വീഡിയോകോളുകളിലൂടെ നഗ്നശരീരം കാണിച്ചും വ്യാപാരിയെ കെണിയിൽ വീഴ്ത്തുകയായിരുന്നു.
23 വയസ്സുള്ള വിദ്യാര്‍ത്ഥിനിയാണെന്ന് പറഞ്ഞാണ് സൗഹൃദമുണ്ടാക്കിയത്.ആദ്യം ഫീസിനും മറ്റ് ചെറിയ ആവശ്യങ്ങൾക്കുമായി പണം കടം വാങ്ങി. പിന്നീട് ഇരുവരും തമ്മിലുള്ള ചാറ്റുകളും വീഡിയോകളും പുറത്ത് വിടുമെന്നു പറഞ്ഞ് വ്യാപാരിയെ ഭീഷണിപ്പെടുത്തിയാണ് വലിയ തുക കൈപ്പറ്റാൻ തുടങ്ങിയത്. ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും ബാങ്കിലെ സ്ഥിര നിക്ഷേപം പിൻവലിച്ചും ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വെച്ചതും അടക്കം രണ്ടരക്കോടിയോളം രൂപയാണ് ഷെമിക്ക് നല്‍കേണ്ടി വന്നത്. യുവതി വീണ്ടും ഭീഷണിപ്പെടുത്തിയതോടെ പണം നൽകാൻ വഴിയില്ലാതായ വ്യാപാരി പരാതിപ്പെടുകയായിരുന്നു

അഷ്ടമുടിമുക്കിൽ ആഡംബരമായി ജീവിച്ചു വരികയായിരുന്ന ദമ്പതികള്‍ അന്വേഷണത്തെപ്പറ്റി അറിഞ്ഞ് വയനാട്ടിലെത്തി ഒളിവിൽ താമസിച്ചു. പോലീസ്‌ സംഘത്തിന്‍റെ നീക്കമറിഞ്ഞ ഇവര്‍ പിന്നീട് അങ്കമാലിയിലെത്തി. അവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്‌. തട്ടിയെടുത്ത പണം കൊണ്ട് വാങ്ങിയ സ്വർണാഭരങ്ങളും വാഹനങ്ങളും പോലീസ് കണ്ടെടുത്തു