കണ്ണൂര്‍ : ഇന്നലെ വൈകിട്ട് കളക്ടറുടെ ചേംബറിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ചെങ്ങളായിൽ പെട്രോൾ പമ്പിന് എൻ.ഒ.സി കൊടുക്കുന്നതില്‍ താന്‍ ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എഡിഎമ്മിനെ പരസ്യമായി വിമർശിച്ചിരുന്നു. അവസാനം NOC എങ്ങനെയാണ് കൊടുത്തതെന്ന് തനിക്ക് അറിയാമെന്നും 2 ദിവസത്തിനകം ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങിൽ നിന്ന് ഇറങ്ങി പോയത്.
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിച്ചിരുന്നില്ല. അവിടേക്ക് നാടകീയമായി കടന്നു വന്നാണ് കലക്ടർ ഉൾപ്പെടെയുള്ളവരുള്ള വേദിയിൽ വച്ച് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉപഹാരം നൽകുന്ന സമയത്ത് തന്റെ സാന്നിധ്യം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് ദിവ്യ വേദി വിടുകയായിരുന്നു.
യാത്രയയപ്പ് യോഗത്തിന് ശേഷം ഔദ്യോഗിക വാഹനത്തിൽ താമസ സ്ഥലത്തേക്ക് തിരിച്ച എഡിഎം വഴിയിൽ വണ്ടി നിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിയെന്നാണ് ഡ്രൈവർ പറയുന്നത്. കണ്ണൂരിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ സ്വദേശമായ പത്തനം തിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഇന്നലെ രാത്രി മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. രാവിലെ എത്തിയ ട്രെയിനിൽ ഇല്ലെന്നറിഞ്ഞ് കുടുംബാംഗങ്ങൾ വിവരമറിയച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്വാര്‍ട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ നേരിട്ട അപമാനത്തിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.