സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജപ്പാനീസ് സന്നദ്ധ സംഘടനയായ നിഹോൺ ഹിഡാൻക്യോയ്ക്ക്; അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്

സ്റ്റോക്‌ഹോം: ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൺ ഹിഡാന്‍ക്യോയ്ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു.

അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ ക്യാമ്പയിനുകൾ നടത്തിയും ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തിര മുന്നറിയിപ്പുകൾ നൽകിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങൾക്കെതിരെ വ്യാപകമായ എതിർപ്പ് സൃഷ്ടിക്കാന്‍ ഹിബാകുഷ വലിയ പങ്കുവഹിച്ചെന്ന് നോബേൽ കമ്മിറ്റി വിലയിരുത്തി.

ആണവായുധങ്ങൾ ഇല്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങളും ആണവായുധങ്ങൾ ഇനി ഒരിക്കലും ഉപയോഗിക്കരുതെന്ന ശക്തമായ ആഹ്വാനവുമാണ് നൊബേല്‍ പ്രൈസിന് സംഘടനയെ അര്‍ഹമാക്കിയത്.